Pages

Tuesday, March 30, 2010

സദാചാരം@കാമ്പസ്‌

ഓര്‍മ്മയില്ലേ ആ ദിവസങ്ങള്‍... തണുത്തു വിറങ്ങലിച്ച ഒരു ചായ ഗ്ലാസ്സിനു മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ അവസരം നല്‍കിയ കാന്റീന്‍, ഇരുട്ടുവീണ മൂലയില്‍ വിറയ്ക്കുന്ന കൈകളോടെ കത്തുകള്‍ കൈമാറാന്‍ ഇടമൊരുക്കിയ ലൈബ്രറി, അവസാന ബസ്സും ലേറ്റാവണേ എന്ന പ്രാര്‍ഥനയോടെ കാത്തിരുന്ന ആളൊഴിഞ്ഞ ബസ് സ്റ്റോപ്പ്... ഏതു കാമ്പസ് പ്രണയത്തിനും ഓര്‍ത്തുവയ്ക്കാന്‍ ഇങ്ങനെ ചിലതൊക്കെ ഉണ്ടാവാതെ വയ്യ. മുത്തശ്ശിമാവിന്റെ തണലില്‍, ലാബറട്ടറിയുടെ മൂകതയില്‍, ആളൊഴിഞ്ഞ ഇടനാഴികളില്‍, ക്ലാസ്സുമുറിയുടെ ഇരുണ്ട ഏകാന്തതയില്‍ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടാത്തവര്‍ കുറവായിരിക്കും.

അതിനിടയില്‍ ചിലപ്പോഴൊക്കെ ഒരു പേടിസ്വപ്‌നം പോലെ റോന്തുചുറ്റിക്കൊണ്ട് പ്രിന്‍സിപ്പാള്‍മാര്‍ കടന്നുവന്നു. പിന്നെപ്പിന്നെ, പ്രിന്‍സിപ്പാള്‍മാര്‍ക്ക് ധൈര്യം കുറഞ്ഞപ്പോള്‍ ആ പണി ഏറ്റെടുത്തത് നേതാക്കന്മാരായിരുന്നു. അഞ്ചുമണി കഴിഞ്ഞ് കാമ്പസിലിരിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ മടക്കിക്കുത്തിയ മുണ്ടും ഗൗരവം ഒളിപ്പിച്ച താടിയുമായി ഇറങ്ങിയിരുന്ന ചങ്ങാതിമാരെ ഓര്‍മ്മയില്ലേ? അവരെ കാണുമ്പോഴേ ഓടിരക്ഷപ്പെട്ടു, പാവം പ്രണയികള്‍.അന്ന് യൂണിയന്‍ റൂമായിരുന്നു സദാചാര പോലീസിന്റെ ആസ്ഥാനം.

കാലം മാറി. പുതിയ തലമുറ തോളില്‍ കയ്യിട്ട് നടക്കുകയും മൊബൈലില്‍ കൊഞ്ചുകയും കമ്പ്യൂട്ടറിനു മുന്നില്‍ തപസ്സിരിക്കുകയും ചെയ്തപ്പോള്‍ പലരും നെറ്റിചുളിച്ചു. കേരളത്തിനു പുറത്ത് പഠിക്കാന്‍ പോവുന്ന കുട്ടികളെപ്പറ്റിയുള്ള ചൂടന്‍ കഥകള്‍ നാട്ടില്‍ പ്രചരിച്ചു. പബ്ബുകളിലും റിസോര്‍ട്ടുകളിലും പ്രണയം തേടുന്ന കുട്ടികളെയോര്‍ത്ത്് അച്ഛനമ്മമാര്‍ക്ക് നെഞ്ചിടിപ്പുകൂടി. പഠനം 'ആഘോഷ'മാക്കിയ ചെറുപ്പക്കാരന്മാരില്‍ പലരും വിവാഹപ്രായമെത്തിയപ്പോള്‍ നാട്ടില്‍ പഠിച്ച പെണ്‍കുട്ടി മതിയെന്ന് വാശിപിടിച്ചു. പ്രണയികളുടെ പോക്കറ്റ് കാലിയാക്കിക്കൊണ്ട് വാലന്റൈന്‍സ് ദിനവും പുതുവത്സരവുമൊക്കെ വന്നുപോയി.

ഇപ്പോഴിതാ കേരളത്തിനു പുറത്തുള്ള കോളേജുകളില്‍ സദാചാര പോലീസ് എത്തിയിരിക്കുന്നു. ബാംഗ്ലൂരിലും മൈസൂരിലുമൊക്കെയുള്ള പല കോളേജുകളിലും ഈ പണിക്ക് കാശുകൊടുത്ത് ആളെ വച്ചിരിക്കുകയാണത്രേ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും 'പരിധി' ലംഘിക്കുന്നോ എന്നു നോക്കലാണ് ഇവരുടെ ജോലി. കൈ കൊടുക്കാം. തോളില്‍ തട്ടാം, ചിരിക്കാം, കൂട്ടമായിരുന്ന് വര്‍ത്തമാനം പറയാം. പക്ഷേ, അതിനപ്പുറം കടന്നെന്നു തോന്നിയാല്‍ 'പോലീസ്' ഇടപെടും. നിര്‍ത്തിയിട്ട കാറില്‍ ഇരിക്കരുത്, ഒഴിഞ്ഞ ക്ലാസുമുറിയില്‍ അടുത്തിരിക്കരുത്, ചേര്‍ന്നു നടക്കരുത്, കെട്ടിപ്പിടിക്കരുത്.... നിബന്ധനകള്‍ അങ്ങനെ പോകുന്നു. കോളേജിലെ തുറസ്സായ സ്ഥലങ്ങളില്‍ കുറച്ചധികം നേരം ഒന്നിച്ചിരുന്നാല്‍ പോലും 'പോലീസിന്റെ' പിടിയിലാവും. പിന്നത്തെ കഥ പറയേണ്ട.

കുറച്ചുകൂടി 'ഹൃദയവിശാലത' കാണിച്ച കോളേജുകളുമുണ്ട്. അവര്‍ കാമ്പസില്‍ തന്നെ കുട്ടികള്‍ക്കിരിക്കാന്‍ ധാരാളം ബഞ്ചുകള്‍ ഇട്ടുകൊടുത്തിരിക്കുകയാണ്. പാര്‍ക്കില്‍ പോയിരിക്കുന്നതിനേക്കാള്‍ ഭേദം ഇവിടെ ഇരിക്കുകയാണ് എന്നാണ് അധികൃതരുടെ ന്യായം. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രം ഒരു അഭിപ്രായ വോട്ടെടുപ്പ് തന്നെ നടത്തി. കോളേജുകളില്‍ കുട്ടികള്‍ തമ്മിലുള്ള ഇടപഴകല്‍ നിയന്ത്രിക്കുന്നത്് ആവശ്യമോ എന്നതായിരുന്നു ചോദ്യം.മണിക്കൂറുകള്‍ക്കകം തന്നെ കമന്റുകളുടെ
പ്രളയമായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍. എല്ലാ പെണ്‍കുട്ടികളും ബുര്‍ഖയണിഞ്ഞു വേണം വരാനെന്ന് ഭാവിയില്‍ കോളേജുകള്‍ തീരുമാനിച്ചേക്കുമോ എന്നായിരുന്നു ഒരാളുടെ സംശയം. ആണും പെണ്ണും തമ്മില്‍ മിണ്ടാന്‍ അനുവദിച്ചില്ലെങ്കില്‍ കാമ്പസ്സിലൊക്കെ സ്വവര്‍ഗ്ഗപ്രേമികളുടെ പ്രളയമായിരിക്കുമെന്നായിരുന്നു മറ്റൊരാളുടെ ആശങ്ക. പഠിക്കാന്‍ വരുന്നവര്‍ പഠിച്ചാല്‍ പോരേ, റൊമാന്‍സിന് പോകുന്നത് എന്തിനാണ് എന്നു ചോദിച്ചവരും കുറവല്ല. കര്‍ണ്ണാടകത്തിലെ ബി.ജെ. പി സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്ന ആക്ഷേപവും കണ്ടു അക്കൂട്ടത്തില്‍.

കുട്ടികള്‍ മാന്യമായ വേഷം ധരിച്ചാണ് കോളേജില്‍ എത്തുന്നതെന്ന് ഉറപ്പു വരുത്താനും ഗാര്‍ഡുമാരെ നിയമിച്ചിരിക്കുകയാണ് ബാംഗഌരിലെ ചില കോളേജുകള്‍. പതിവു പോലെ മാന്യത പെണ്‍കുട്ടികള്‍ക്കു മാത്രമാണ് ബാധകം. ഗാര്‍ഡിന് തൃപ്തികരമല്ലാത്ത വേഷമാണെങ്കില്‍ അന്നു കോളേജില്‍ കയറാമെന്ന് വിചാരിക്കേണ്ട. പഠിക്കുന്ന കോഴ്‌സിന് അനുസരിച്ച് വേഷത്തിന്റെ നിബന്ധനകളും മാറും. ജേണലിസത്തിനു പഠിക്കുന്നവര്‍ക്ക് കുര്‍ത്തയും ജീന്‍സും ആകാം. എം.ബി.എക്കാര്‍ക്ക് സാല്‍വാര്‍ കമ്മീസും ദുപ്പട്ടയും നിര്‍ബന്ധം. വേഷം മോശമായാല്‍ 500 രൂപയൊക്കെ ഫൈന്‍ വാങ്ങുന്ന കോളേജുകളും ഉണ്ടത്രേ. കോളേജിന്റെ ഡ്രസ്സ് കോഡ് നിര്‍ണ്ണയിക്കേണ്ടത് ഗാര്‍ഡിന്റെ മനോധര്‍മ്മമാണോ? ചോദിക്കാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ധൈര്യമില്ല.

'പുസ്തകം തിന്നുമടുത്ത് ചിതലു കയറിയ മസ്തിഷ്‌കങ്ങളുമായി' ജീവിക്കുന്ന കുട്ടികള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഒരു ഉദാഹരണം പറയാം. അവിടെ ആണ്‍കുട്ടികളൊക്കെ ക്ലാസ്സിലെ മുന്‍ബെഞ്ചുകളിലാണ്. താരതമ്യേന ഉയരം കുറഞ്ഞവരായ പെണ്‍കുട്ടികള്‍ പുറകിലും. ആണ്‍കുട്ടികളെ പിന്നിലിരുത്തിയാല്‍ അവരുടെ ശ്രദ്ധ മാറിപ്പോകുമത്രേ. ക്ലാസ്സ് സമയത്തോ ഇടവേളകളിലോ ആണ്‍-പെണ്‍ സംഭാഷണം പോലും അനുവദനീയമല്ല. ഉച്ചഭക്ഷണത്തിന് ക്ലാസ്സ് വിട്ടാലുടന്‍ ആണ്‍കുട്ടികള്‍ അവര്‍ക്കായി നീക്കിവച്ച പ്രത്യേക മുറിയിലേക്ക് പൊയ്‌ക്കോളണം. വീണ്ടും ക്ലാസ്സുതുടങ്ങാന്‍ ബെല്ലടിച്ചാലേ മടങ്ങിവരാന്‍ അനുവാദമുള്ളൂ. വൈകിട്ട് ക്ലാസ്സ് വിടുമ്പോള്‍ ആദ്യം ആണ്‍കുട്ടികള്‍ പുറത്തിറങ്ങണം. അവരെല്ലാം കാമ്പസ് വിട്ടെന്ന് ഉറപ്പായ ശേഷമേ പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കൂ.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേവ്വേറെ കോണിപ്പടികള്‍ വരെയുണ്ട്.

കുട്ടികള്‍ ഇതൊക്കെ എങ്ങനെ നേരിടുന്നു? ചോദിച്ചപ്പോള്‍ ഉടന്‍ വന്നു മറുപടി, 'റോഡ് വരെയല്ലേ സാറന്മാര്‍ നോക്കൂ. ചേച്ചി അടുത്ത ജങ്ഷനിലൊന്ന് പോയി നോക്ക്.'

അല്ലെങ്കിലും ലോകത്തെവിടെയും സദാചാര പോലീസ് വിചാരിച്ചിട്ട് നാട്ടുകാരൊക്കെ മാന്യന്മാരായ അനുഭവം കേട്ടിട്ടില്ല. കുരുക്കുകള്‍ മുറുകും തോറും അത് പൊട്ടിക്കാനുള്ള വഴികള്‍ തേടുകയാണല്ലോ മനുഷ്യന്റെ സഹജ പ്രകൃതം. കുട്ടികളും പുതിയ വഴികള്‍ തേടുമായിരിക്കും. ഒരുപക്ഷേ, കൂടുതല്‍ അപകടകരമായ വഴികള്‍. അടുത്തിരിക്കുകയും മിണ്ടുകയും ചെയ്യുന്നവരുടെ ചെവിക്കു പിടിക്കുന്നതിനു പകരം അവരുടെ സമയം കൂടുതല്‍ ക്രിയാത്മകമായി ചെലവഴിക്കാന്‍ എന്തെങ്കിലും വഴിയൊരുക്കുകയല്ലേ കോളേജുകള്‍ ചെയ്യേണ്ടത്? പഠിത്തത്തിനപ്പുറം ഒന്നുമില്ലാത്ത കാമ്പസുകളില്‍ കുട്ടികള്‍ നേരമ്പോക്കിന് വഴി തേടിയാല്‍ അവരെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം?